നാട്ടുവൈദ്യം
|
അനുഭവജ്ഞാനത്തിൽ അധിഷ്ഠിതമായതും
നാട്ടറിവുകളും പരമ്പരാഗത ചികിത്സാരീതികളും സമന്വയിപ്പിക്കുന്നതുമായ ഒരു
വൈദ്യവിജ്ഞാനീയമമാണ് നാട്ടുവൈദ്യം. നാട്ടുവൈദ്യന്മാർ എന്നറിയപ്പെടുന്ന
ഭിഷഗ്വരന്മാരാണ് നാട്ടുവൈദ്യത്തിന്റെ പ്രണേതാക്കൾ. തലമുറകളിൽനിന്നു തലമുറകളിലേക്കു
വാമൊഴിയിലൂടെ വിനിമയം ചെയ്യപ്പെട്ട രഹസ്യവിധികളാണ് നാട്ടുവൈദ്യത്തിന്റെ കാതൽ.
നാട്ടിൻപുറങ്ങളിൽ പ്രചാരത്തിലുള്ള ഒറ്റമൂലി പ്രയോഗവും മറ്റും നാട്ടുവൈദ്യത്തിന്റെ
വഴികളാണ്. ശാസ്ത്രീയവൈദ്യത്തിലേക്ക് സ്വാംശീകരിക്കാൻ കഴിയുന്ന ധാരാളം അറിവുകൾ
നാട്ടുവൈദ്യങ്ങളിൽ നിന്നും ലഭിക്കുന്നുണ്ട്. അജ്ഞത മൂലവും, എഴുതിസൂക്ഷിക്കുന്ന പതിവ്
കുറവായിരുന്നതിനാലും കൈമാറാനുള്ള വിമുഖത മൂലവും നാട്ടുവൈദ്യത്തിലെ പല അറിവുകളും
നഷ്ടപ്പെടുന്നു.
അവ്യവസ്ഥാപിതപരമ്പരാഗതവൈദ്യമായ
നാട്ടുവൈദ്യത്തിൽ പ്രാദേശികഭേദങ്ങൾ വളരെ കൂടുതലായിരിക്കും. ഒരേ നാട്ടിൽത്തന്നെ
രണ്ടുപേർ ഉപയോഗിക്കുന്ന രീതികൾ രണ്ടുതരമായിരിക്കും. ഇതിന്റെ ഒരു വലിയ പ്രത്യേകത, അതാതു സ്ഥലങ്ങളിൽ
എളുപ്പത്തിലും ചെലവുകുറവായും ലഭ്യമാകുന്ന സാമഗ്രികൾ ആയിരിക്കും ചികിത്സാർഥം
ഉപയോഗിക്കപ്പെടുക എന്നതാണ്. എല്ലാരാജ്യത്തും നാട്ടുവൈദ്യത്തിൽ, സസ്യങ്ങൾക്കും സസ്യഭാഗങ്ങൾക്കും ഇത്ര പ്രാധാന്യം ലഭിക്കാനിടയാകുന്നത്
ഇതിനാലാണ്.
വീട്ടുമുറ്റത്തും പറമ്പിലും നാട്ടുവഴികളിലും
ലഭ്യമായ പച്ചിലകൾ കൊണ്ടും മൂലികകൾകൊണ്ടും പല രോഗങ്ങളും ചികിത്സിക്കാനും
പ്രതിരോധിക്കാനും കഴിയുമെന്ന അറിവ് നമുക്ക് തന്നത് നാട്ടുവൈദ്യന്മാരാണ്.
സ്വാനുഭവത്തിന്റെ അടിസ്ഥാനത്തിൽ, കൈമാറിവന്ന ലഘുചികിത്സകളിൽ പലതും ഇന്ന്
അന്യം നിന്നുപോയിരിക്കുന്നു. ആധുനിക ചികിത്സാശാസ്ത്രത്തിന്റെ ദൃഷ്ടിയിൽ ഈ ഒറ്റമൂലി
സമ്പ്രദായങ്ങൾ പലതും അശാസ്ത്രീയമെന്ന് മുദ്രകുത്തപ്പെട്ടിട്ടുണ്ടെങ്കിലും കാലവും
ദേശവും ദേഹസ്ഥിതിയും കണക്കിലെടുത്തായിരുന്നു ഈ ഔഷധങ്ങൾ പ്രയോഗിച്ചിരുന്നത്.
ഭാരതത്തിൽ വിഷചികിത്സ, ബാലചികിത്സ, മർമചികിത്സ, നാഡീചികിത്സ തുടങ്ങിയ ചികിത്സാമുറകളിലൊക്കെത്തന്നെ ആയുർവേദത്തിന്റെ അടിസ്ഥാന
ആശയങ്ങൾക്കൊപ്പം നാടൻ തനിമകളുടെയും നാട്ടുവിജ്ഞാനീയത്തിന്റെയും സങ്കേതങ്ങൾകൂടി
ഉപയോഗപ്പെടുത്തിയിട്ടുണ്ട്. ഒരുകാലത്ത് മന്ത്രതന്ത്രാദികളുടെ അകമ്പടിയോടുകൂടിയുള്ള
നാട്ടുചികിത്സാസമ്പ്രദായവും ഇവിടെ നിലനിന്നിരുന്നു.
മർമചികിത്സയെ സംബന്ധിച്ചിടത്തോളം പ്രശസ്തമായ
പാരമ്പര്യ ചികിത്സാകേന്ദ്രങ്ങൾ ഇപ്പോഴും നിലവിലുണ്ട്