ഉപാസനാമൂര്‍ത്തി


ജ്യോതിഷം പൂര്‍വ്വ ജന്മ അധിഷ്ടിതമാണ്.

'പൂര്‍വ്വ ജന്മ കൃതം പാപം വ്യാധി രൂപേണ ജായതേ'
എന്ന് ജ്യോതിഷ ശാസ്ത്രം അനുശാസിക്കുന്നു.


ഒരാളിന്‍റെ ജീവിതത്തില്‍ അറിഞ്ഞിരിക്കേണ്ടുന്ന ഒരു സത്യം ആണ് ഉപാസനാ മൂര്‍ത്തി ആരാണ് എന്നുള്ളത്.ആഗ്രഹവും പ്രതീക്ഷകളും ആണല്ലോ സാധാരണക്കാരായ നമ്മുടെ ജീവിതത്തെ മുന്‍പോട്ടു നയിക്കുന്നത്. എന്നാല്‍ ആഗ്രഹങ്ങള്‍ക്കും പ്രതീക്ഷകള്‍ക്കും വിപരീതമായി അവയൊന്നും സാധിക്കാതെ ഉഴലുന്ന ജീവിതങ്ങളും ഉണ്ട്.ജീവിതത്തിനു ഒരു നിരപ്പില്ലായ്മ അനുഭവപ്പെട്ടേക്കാം , അപ്രതീക്ഷിത സംഭവങ്ങളില്‍പ്പെട്ടുപോയേക്കാം, അതാണല്ലോ ജീവിതം.ഒരാളിന്‍റെ ജീവിതത്തില്‍ സംഭവിക്കുന്നത്‌ എല്ലാം ജാതകത്തില്‍ ഉള്ള കാര്യങ്ങള്‍ മാത്രമാണ്.


ഹോരാശാസ്ത്രത്തില്‍ ഒന്നാം ശ്ലോകം ആയ 'മൂര്‍ത്തിത്വേ പരികല്പിത: ശശഭ്രിതോ വര്‍ത്മ/ അപുനര്‍ ജന്മനാം ........എന്നതിന്‍റെ അര്‍ഥം തന്നെ പുനര്‍ജ്ജന്മം ഉണ്ടാകാത്ത വിധം മോക്ഷം തേടുക എന്നതാണ്. കഴിഞ്ഞുപോയ ജന്മങ്ങളിലെ പാപ പുണ്യങ്ങളെ തിരിച്ചറിയാന്‍ ഉള്ള ഏക വഴിയാണ് ജ്യോതിഷം. പാപങ്ങള്‍ ഉണ്ടായാല്‍ വീണ്ടും ജന്മം ഉണ്ടാവും. അങ്ങനെ ജനന മരണ നാടകങ്ങളില്‍ പ്പെട്ടു അലയാതിരിക്കാന്‍, സ്വന്തം ഉപാസനാ മൂര്‍ത്തിയെ അറിയുകയും, പ്രീതിപ്പെടുത്തുകയും വേണം. മനുഷ്യന്‍ തന്‍റെ പ്രവര്‍ത്തികളിലൂടെ ചെയ്യുന്ന ദോഷങ്ങളെ അകറ്റി നന്മയിലേക്ക് തിരിയുവാന്‍ വേണ്ടുന്ന മാര്‍ഗം ആണ് ഉപാസന.


ഒരു ജാതകത്തിലെ അഞ്ചാം ഭാവം കൊണ്ടു നമുക്ക്, കഴിഞ്ഞ ജന്മത്തെ അറിയാം.കാരണം അഷ്ടമം കൊണ്ട് മരണം നിശ്ചയിക്കുന്നുവല്ലോ. ഈ ജന്മത്തിലെ 12 ആം ഭാവം അഷ്ടമരാശി ആവുന്നത് അഞ്ചാം ഭാവം കൊണ്ടാണല്ലോ. അങ്ങനെ കഴിഞ്ഞുപോയ ജന്മ ബാക്കിപത്രമാണ് ഈ ജന്മം എന്നും മനസ്സിലാക്കുക. അതുകൊണ്ട് അഞ്ചാം ഭാവാധിപനെയും, അവിടെ നില്‍ക്കുന്ന ഗ്രഹത്തിനെയും, നോക്കുന്ന ഗ്രഹത്തിനെയും പരിശോധിച്ച് അതില്‍ ബലം ഉള്ള ഗ്രഹത്തിന് പറഞ്ഞിട്ടുള്ള ദൈവത്തിനെ പ്രാര്‍ത്ഥിച്ചാല്‍ കഴിഞ്ഞ ജന്മത്തിനുള്ള പ്രായശ്ചിത്തം ആയി. അത് ഇഹജന്മത്തിലെ പ്രയാസങ്ങളെ അതിജീവിക്കുവാന്‍ വളരെ സഹായം ആകുന്നു.ജാതകത്തില്‍ കേന്ദ്ര ഭാവങ്ങളില്‍ നില്‍ക്കുന്നവര്‍ നവാംശങ്ങളിലൂടെ ലഗ്നത്തില്‍ ബന്ധപ്പെട്ടാല്‍ ആ ഗ്രഹങ്ങള്‍ക്ക്‌ പറഞ്ഞിരിക്കുന്ന ദൈവത്തെ പ്രാര്‍ത്ഥിക്കുന്നതും വളരെ ഗുണം ചെയ്യും.പ്രസ്തുത ഗ്രഹങ്ങള്‍ക്ക്‌ പറഞ്ഞിരിക്കുന്ന ദിക്കുകളിലോ , ആ രാശിക്ക് പറഞ്ഞിരിക്കുന്ന ദിക്കിലോ , അത്തരത്തിലുള്ള ഒരു ദേവതാ ക്ഷേത്രവും ഉണ്ടാവും ഉറപ്പ്‌. ഇപ്പോള്‍ താമസിക്കുന്ന സ്ഥലത്ത് നിന്നല്ല, ജനിച്ച സ്ഥലത്ത് നിന്ന് വേണം മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ കണക്കാകുവാന്‍.
ഹോരാശാസ്ത്രത്തിലെ

"ഹോരേത്യഹോരാത്രവികല്പമേകേ
വാങ്ങ്ച്ചന്തി പൂര്‍വാപരവര്‍ണ്ണലോപാത്
കര്‍മ്മാര്‍ജ്ജിതം പൂര്‍വ്വഭവേ സദാദി
യത്തസ്യ പംക്തിം സമഭിവ്യനക്തി."
ശ്ലോകത്തില്‍ ഇതു വിവരിക്കുന്നു.

ജാതകത്തിലെ ഏറ്റവും കൂടുതല്‍ സ്പുടം ഉള്ള ഗ്രഹം ആണ് ആത്മകാരകഗ്രഹം. ആ ഗ്രഹം അംശിച്ച രാശിയുടെ 12ആം ഭാവം സൂചിപ്പിക്കന്ന ഗ്രഹദൈവം ആണ് ഉപാസനാ മൂര്‍ത്തി. അവിടെയും ബലാ ബലം നോക്കി വേണം തീരുമാനം എടുക്കുവാന്‍. അങ്ങനെ കണ്ടെത്തുന്ന ഉപാസനാ മൂര്‍ത്തിയെ ഉപാസിച്ചാല്‍ ജന്മം പുണ്യമായി. ഉപാസനാ മൂര്‍ത്തിയെ കണ്ടെത്തിയത് കൊണ്ട് മാത്രം കാര്യമില്ല. വിധിയാം വണ്ണം ആചരിക്കുകയും വേണം.മൂര്‍ത്തിയുടെ മൂലമന്ത്രം വിധിയാം വണ്ണം യോഗ്യനായ സ്വന്തം ഗുരുവില്‍ നിന്നും സ്വീകരിക്കണം. ഗുരു ഇല്ലാതെ ഒന്നും പൂര്‍ണമാകുന്നില്ല. യഥാര്‍ത്ഥത്തില്‍ അദ്ദേഹമാണ് ഈശ്വരന്‍റെ മാര്‍ഗ്ഗദര്‍ശി‍.



"മാതാ പിതാ ഗുരു ദൈവം" എന്നാണല്ലോ പ്രമാണം .


മാതാവ് പിതാവിനെ കാട്ടിത്തരും ,പിതാവ് ഗുരുവിനെ കാട്ടിത്തരും ,ഗുരു ദൈവത്തിനെ കാട്ടിത്തരണം എന്നാണ്.